രാജീവ് ഗാന്ധി
രാജീവ് രത്ന ഗാന്ധി (ഓഗസ്റ്റ് 20, 1944 - മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു(1984–1989)[1]. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു[2]. മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു[3] .
കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല[4]. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ അന്റോണിയ അൽബിനാ മൈനോ എന്ന പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചു[5]. പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല[2]. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയുണ്ടായി[2]. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.
1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെരാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത്[6]. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി[7]. അമേരിക്കയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു[8]. അയൽരാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.
1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടു[9]. രാജീവിന്റെ വിധവ സോണിയാ ഗാന്ധി ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്, മകൻ രാഹുൽ ഗാന്ധി പാർലിമെന്റംഗവും, കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റുമാണ്[10].