ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രം
1947ലെ സ്വതന്ത്ര്യാലബ്ദിക്കു ശേഷം കോൺഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തിരഞ്ഞെടുപ്പിൽ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോൺഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്. ജവഹർലാൽ നെഹ്രു മുതൽ മൻമോഹൻ സിംഗ് വരെ ഏഴു കോൺഗ്രസ് പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചിട്ടുണ്ട്.
വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടേവിയൻ ഹ്യൂം മുൻകയ്യെടുത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ൽ രൂപവൽകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടന പേരുമാറ്റിയാണു് 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായതു്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്ലൻഡുകാരനായ ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തു.
ഡബ്ല്യു.സി. ബാനർജിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. ആദ്യ സമ്മേളനം പുണെയിൽ വിളിച്ചുചേർക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗുബാധ വ്യാപകമായതിനെത്തുടർന്ന് സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റുകയായിരുന്നു. 1885 ഡിസംബർ 28 മുതൽ 31 വരെയാണ് ആദ്യ സമ്മേളനം ചേർന്നത്. ആദ്യ യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ ദേശീയ വാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ദാദാഭായി നവറോജി ആദ്യകാലത്തെ പ്രധാനനേതാക്കളിലൊരാളായിരുന്നു. ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിയുടെ ചുമതല വഹിച്ചു.
1897ൽ അമരാവതിയിൽ വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ച ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ആദ്യമലയാളി എന്ന വിശേഷണത്തിന് അർഹനായി
1907 മുതൽ 1916 വരെ കോൺഗ്രസ് രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചു് നിന്നു. ബാല ഗംഗാധര തിലകന്റെ നേതൃത്വത്തിൽ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ മിതവാദികളുമായി മത്സരിച്ചു. ഇക്കാലത്തു് സംഘടനയുടെ നിയന്ത്രണം മിതവാദികൾക്കായിരുന്നു. ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവരായിരുന്നുതീവ്രവാദി വിഭാഗത്തെ നയിച്ചതു്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി 1948 -1969
1948 -1969 ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം 1948 ഫെബ്രുവരി 21,22തീയതികളിൽ നവദില്ലിയിൽ ചേർന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെ പുറന്തള്ളിയതോടെ സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. തെരഞ്ഞെടുപ്പു് ചിഹ്നം: നുകമേന്തിയ കാളകൾ
1969-ലെ തകർച്ച വരെയായിരുന്നു അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ കാലം. ഔദ്യോഗികവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) ആയും ഇന്ദിരാ ഗാന്ധി സമാന്തരമായി സംഘടിപ്പിച്ച വിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) ആയും മാറി.
മഹാത്മാ ഗാന്ധി
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണം, അഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പലനേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ അനിഷേധ്യ നേതാവ്. സോഷ്യലിസ്റ്റുകളെയും പാരമ്പര്യവാദികളെയും ഹിന്ദു-മുസ്ലീം യാഥാസ്ഥിതികരെയുമൊക്കെ ഉൾക്കൊള്ളുന്ന ബഹുജന പ്രസ്ഥാനമായിരുന്നു ഇക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹാത്മാ ഗാന്ധിക്കു മുൻപ് ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ്, മുഹമ്മദ് അലി ജിന്ന എന്നിവരും കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.
1929ൽ ജവഹർലാൽ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറിൽ ചേർന്ന സമ്മേളനം കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. “പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930 ജനുവരി 26 പൂർണ്ണ സ്വരാജ് ദിവസമായും ആചരിച്ചു. സത്യാഗ്രഹ സമരമുറയോടെ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനകീയമായി. നെഹ്രുവിനെക്കൂടാതെ സർദാർ വല്ലഭായി പട്ടേൽ, ഡോ.രാജേന്ദ്ര പ്രസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, സി. രാജഗോപാലാചാരി, ആചാര്യ നരേന്ദ്രദേവെ, ആചാര്യ കൃപലാനി, മൗലാനാ അബ്ദുൽ കലാം ആസാദ്, ജയപ്രകാശ് നാരായൺ എന്നീ നേതാക്കന്മാരും ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വേരോട്ടമുള്ള ഏക പ്രസ്ഥാനമായി കോൺഗ്രസ് വളർന്നു. ജാതിവ്യത്യാസങ്ങളും, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും, ദാരിദ്ര്യവും, മത-വംശ വിദ്വേഷങ്ങളും വെടിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനവും അതിനായി ഇന്ത്യയൊട്ടാകെ അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിയത്.